സംവിധായകൻ ശിവയുടെ നേതൃത്വത്തിൽ നിർമ്മിച്ച പീരിയഡ് ആക്ഷൻ ചിത്രം ‘കങ്കുവ’ ബോക്സ് ഓഫീസിൽ വൻ വിജയം കൈവരിച്ചിരിക്കുകയാണ്. നടൻ സൂര്യ പ്രധാന കഥാപാത്രമായെത്തിയ ഈ ചിത്രം റിലീസിന്റെ ആദ്യ മൂന്നു ദിവസം കൊണ്ട് തന്നെ 127 കോടി രൂപയുടെ വമ്പൻ കളക്ഷൻ നേടിയതായി നിർമ്മാതാക്കൾ വ്യക്തമാക്കി.
നവംബർ 14-ന് ലോകമെമ്പാടും തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിവസം തന്നെ 58 കോടിയിലധികം രൂപയുടെ വരുമാനം നേടി സൂര്യയുടെ കരിയറിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കളക്ഷൻ സ്വന്തമാക്കി. മൂന്നു ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം, സൂര്യയുടെ സിനിമകളിൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിച്ച ചിത്രമെന്ന റെക്കോർഡും സ്ഥാപിച്ചു.
350 കോടി രൂപയുടെ ബൃഹത്തായ ബജറ്റിൽ നിർമ്മിച്ച ‘കങ്കുവ’ രണ്ട് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന കഥാപശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ആക്ഷൻ ചിത്രമാണ്. സൂര്യ ഇരട്ട വേഷത്തിൽ എത്തിയ ചിത്രത്തിൽ ബോളിവുഡ് താരം ബോബി ദേവോൾ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിഷ പടാനി നായികയായും എത്തിയിരിക്കുന്നു.
സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയും യുവി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ മദൻ കർക്കി, ആദി നാരായണൻ, ശിവ എന്നിവർ ചേർന്നാണ് രചിച്ചത്. കേരളത്തിൽ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം വിതരണം ചെയ്യുന്നത്.
ചിത്രം സമ്മിശ്ര പ്രതികരണങ്ങൾ നേടിയെങ്കിലും, തമിഴ്നാട്ടിലും വിദേശ മാർക്കറ്റുകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ തന്നെ ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary: