പ്രിയപ്പെട്ട അമ്മമാരുടെ സ്നേഹവും സാന്നിധ്യവും വ്യത്യസ്തമായൊരു കോണിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് സംവിധായകൻ വൈശാഖ് എലൻസിന്റെ ‘ഹലോ മമ്മി’. നർമവും ഭീതിയും കൈകോർത്തു പിടിക്കുന്ന ഈ സിനിമ മലയാള സിനിമയിൽ പുതിയൊരു കാഴ്ചാനുഭവം സമ്മാനിക്കുന്നു.
ഒരു പെറ്റ്‌ഷോപ്പ് ഉടമയായ ബോണി (ഷറഫുദ്ദീൻ) എന്ന യുവാവിന്റെ ജീവിതത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ജീവിതത്തോട് ഗൗരവമില്ലാത്ത ബോണിയെ വിവാഹം കഴിപ്പിച്ചാൽ നന്നാകുമെന്ന് കുടുംബം കരുതുന്നു. മാര്യേജ് ബ്യൂറോ നടത്തുന്ന അളിയന്റെ (അജു വർഗീസ്) നിർബന്ധത്തിന് വഴങ്ങി ഒരു പെൺകാഴ്ചയ്ക്ക് പോകുന്ന ബോണി സ്റ്റെഫി (ഐശ്വര്യ ലക്ഷ്മി) എന്ന പെൺകുട്ടിയെ കാണുന്നു. പ്രഥമ ദർശനത്തിൽ തന്നെ ഇരുവരും പ്രണയത്തിലാകുന്നു. എന്നാൽ വിവാഹത്തിന് മുമ്പ് സ്റ്റെഫി ഒരു കാര്യം വ്യക്തമാക്കുന്നു – തന്റെ മരിച്ചുപോയ അമ്മയുടെ ആത്മാവ് കൂടെയുണ്ടെന്ന്.
ഈ വെളിപ്പെടുത്തൽ അവഗണിച്ച് മുന്നോട്ട് പോകുന്ന ബോണിക്ക് വിവാഹ രാത്രിയിൽ തന്നെ അനുഭവപ്പെടുന്ന അസാധാരണ സംഭവങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. ഭീതിജനകമായ സന്ദർഭങ്ങളെ നർമത്തിന്റെ പൊതിയിൽ അവതരിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു.
നായകനായി ഷറഫുദ്ദീൻ കാഴ്ചവയ്ക്കുന്ന അഭിനയം ശ്രദ്ധേയമാണ്. സ്വാഭാവിക നർമത്തിന്റെ മികവിൽ കഥാപാത്രത്തെ ജീവസ്സുറ്റതാക്കി. ഐശ്വര്യ ലക്ഷ്മി തന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ വേഷം കൈകാര്യം ചെയ്തിരിക്കുന്നു. കോമഡി രംഗങ്ങളിലും ഭാവഗാംഭീര്യം ആവശ്യമുള്ള സന്ദർഭങ്ങളിലും ഒരുപോലെ മിഴിവാർന്ന പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. അപ്രതീക്ഷിത വേഷത്തിലെത്തുന്ന ബിന്ദു പണിക്കർ ശ്രദ്ധ പിടിച്ചുപറ്റുന്നു. നൊസ്റ്റാൾജിക് ടച്ചോടെ എത്തുന്ന ജഗദീഷിന്റെ പ്രഫസർ സാമുവൽ എന്ന കഥാപാത്രം ഓർമ്മകളെ ഉണർത്തുന്നു.
പ്രവീൺ കുമാറിന്റെ ഛായാഗ്രഹണവും ചമൻ ചാക്കോയുടെ എഡിറ്റിങ്ങും ചിത്രത്തിന്റെ ആഖ്യാനത്തെ സഹായിക്കുന്നു. ജെയ്ക്സ് ബിജോയിയുടെ സംഗീതം കഥയുടെ മൂഡിനൊത്ത് ചലിക്കുന്നു. സാൻജോ ജോസഫിന്റെ തിരക്കഥ പരമ്പരാഗത പ്രേതകഥകളിൽ നിന്ന് വ്യതിചലിച്ച് നവീനമായ ആശയം അവതരിപ്പിക്കുന്നു.
കുടുംബ പ്രേക്ഷകർക്ക് ഒരുമിച്ചിരുന്ന് കാണാവുന്ന ചിത്രമാണിത്. അമ്മയും മകളും തമ്മിലുള്ള അഗാധമായ ബന്ധത്തെ വൈകാരികമായി അവതരിപ്പിക്കുമ്പോൾ തന്നെ നർമത്തിന്റെയും ത്രില്ലിന്റെയും നിമിഷങ്ങൾ കൈവിടാതെ മുന്നോട്ട് പോകുന്നു. മലയാളത്തിൽ അപൂർവ്വമായി മാത്രം കാണുന്ന കോമഡി-ഹൊറർ ജോണറിലേക്ക് പുതിയൊരു കാൽവെയ്പ്പാണ് ‘ഹലോ മമ്മി’. നർമവും ത്രില്ലും വൈകാരികതയും സന്തുലിതമായി കൈകാര്യം ചെയ്ത ചിത്രം തീർച്ചയായും തിയേറ്റർ അനുഭവം അർഹിക്കുന്നു.
English Summary: