പ്രശസ്ത സംഗീത സംവിധായകൻ എ.ആർ റഹ്മാന്റെ വൈവാഹിക ജീവിതം അവസാനിക്കുന്നു. മൂന്ന് പതിറ്റാണ്ടിലേക്ക് നീളുമായിരുന്ന ദാമ്പത്യ ബന്ധമാണ് സൈറ ബാനുവുമായി വേർപിരിയുന്നതോടെ അവസാനിക്കുന്നത്. തിങ്കളാഴ്ച രാത്രി നിയമ പ്രതിനിധി വഴിയാണ് സൈറ ബാനു വിവാഹമോചന വാർത്ത പുറത്തുവിട്ടത്.
വേർപിരിയലിനെ കുറിച്ച് സാമൂഹിക മാധ്യമത്തിൽ പ്രതികരിച്ച റഹ്മാൻ, ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചു. “മൂന്നാം പതിറ്റാണ്ടിലേക്ക് കടക്കുമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷേ എല്ലാ കാര്യങ്ങൾക്കും ഒരു അദൃശ്യമായ സമാപ്തി ഉണ്ടാകും. വേദനിക്കുന്ന ഹൃദയങ്ങളുടെ ഭാരം ദൈവസിംഹാസനത്തെ പോലും വിറപ്പിക്കും. ഈ പ്രയാസകരമായ സമയത്ത് ഞങ്ങളുടെ സ്വകാര്യത മാനിച്ചതിന് നന്ദി” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
1995 മാർച്ച് 12-നായിരുന്നു ഇരുവരുടെയും വിവാഹം. പരമ്പരാഗത രീതിയിലുള്ള വിവാഹമായിരുന്നു അത്. മാതാപിതാക്കൾ നിശ്ചയിച്ച ഈ വിവാഹത്തെക്കുറിച്ച് റഹ്മാൻ പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ട്. ‘രംഗീല’ എന്ന ചിത്രത്തിന്റെ സംഗീത സംവിധാന തിരക്കുകൾക്കിടയിലായിരുന്നു വിവാഹം. പെൺകുട്ടിയെ കണ്ടെത്താൻ സമയമില്ലാതിരുന്നതിനാൽ അമ്മയോട് അക്കാര്യം ഏൽപ്പിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
1995 ജനുവരി ആറിന്, തന്റെ 28-ാം ജന്മദിനത്തിലാണ് സൈറയെ ആദ്യമായി കാണുന്നത്. ചെറിയ സംഭാഷണത്തിനു ശേഷം ഫോണിലൂടെയായിരുന്നു തുടർ സംവാദങ്ങൾ. ഇംഗ്ലീഷിലും കച്ചിലുമായിരുന്നു സൈറയുടെ സംസാരം. വിവാഹ സമ്മതം ചോദിച്ചത് ഇംഗ്ലീഷിലായിരുന്നുവെന്നും റഹ്മാൻ ഓർക്കുന്നു.
ചെന്നൈയിലെ ഒരു തീർഥാടന കേന്ദ്രത്തിൽ വച്ചായിരുന്നു റഹ്മാന്റെ അമ്മയും സഹോദരിയും സൈറയെ ആദ്യം കണ്ടത്. ദക്ഷിണേന്ത്യൻ കുടുംബവും ഗുജറാത്തി പശ്ചാത്തലമുള്ള സൈറയും തമ്മിലുള്ള സാംസ്കാരിക വ്യത്യാസങ്ങൾ പരിഹരിക്കാൻ കുറച്ച് സമയമെടുത്തിരുന്നതായി റഹ്മാൻ പറയുന്നു. കൂട്ടുകുടുംബമായതിനാൽ പലതരം ഇണക്കങ്ങൾ ആവശ്യമായി വന്നു. 1995-ൽ മൂത്ത മകൾ ഖതീജയുടെ ജനനത്തോടെ എല്ലാം സുഗമമായി മുന്നോട്ട് പോയതായും അദ്ദേഹം പങ്കുവയ്ക്കുന്നു.
English Summary: