ഒരു മുഴുനീളൻ കോമഡി ചിത്രമാണ് പൈങ്കിളി. സജിൻ ഗോപു-അനശ്വര എന്നീ നടന്മാരുടെ കൂട്ടായ്മയിൽ ഇറങ്ങിയ ഈ ചിത്രം, ഫ്രഷ്‌നെസ് നിറഞ്ഞ ഒരു പ്രണയകഥയാണെന്ന് അണിയറപ്രവർത്തകർ പറയുന്നു. ഈ അവകാശവാദത്തിന് നൂറുശതമാനം നീതി നൽകുന്ന ചിത്രമാണ് പൈങ്കിളി.
പൈങ്കിളി ഒരു പൂർണ്ണമായ കുടുംബ മനോരഞ്ജന ചിത്രമാണ്. തുടക്കം മുതൽ അവസാനം വരെ കണ്ടവരെ ചിരിപ്പിക്കുന്ന രസകരമായ സന്ദർഭങ്ങൾ ഈ ചിത്രത്തിൽ ധാരാളമുണ്ട്. വീട്ടിൽ നിന്ന് ഒളിച്ചോടണമെന്ന ഒറ്റചിന്തയിൽ മുഴുകിയ നായികയും, കൈ തൊടുന്നതെല്ലാം വയ്യാവേലിയാകുന്ന നായകനും ഒരു പ്രത്യേക സാഹചര്യത്തിൽ കണ്ടുമുട്ടുന്നു. അവരുടെ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിന്റെ ഹൃദയം.
പൈങ്കിളിയിലെ നായകൻ സുകു സുജിത്ത് കുമാർ ആണ്. സ്വന്തം വീടിന് ഗുണമില്ലെങ്കിലും നാട്ടുകാർക്ക് ഗുണമുള്ള ഒരു പാത്രമാണ് അദ്ദേഹം. ഫേസ്ബുക്കിൽ പൈങ്കിളി സാഹിത്യമെഴുതി തട്ടിമുട്ടി ജീവിക്കുന്ന സുകു, ഒരു യാത്രയ്ക്കിറങ്ങുന്നു. യാത്രയ്ക്കിടയിൽ നല്ലൊരു പണി കിട്ടുന്നു, പിന്നീട് വീണ്ടും വീണ്ടും പണികൾ വരുന്നു. ഇതിനിടയിൽ, മറ്റൊരു തലവേദനയായി ഷീബയുടെ പ്രവേശനം സംഭവിക്കുന്നു.
പൈങ്കിളിയുടെ പ്രധാന ആകർഷണം അതിന്റെ ഫ്രഷായ കളർഫുള് പോസ്റ്ററുകളായിരുന്നു. പോസ്റ്ററുകൾ പോലെ തന്നെ കളർഫുളാണ് ചിത്രവും. കുഞ്ഞിരാമായണം പോലെ ലൗഡ് മീറ്ററിലാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങളുടെ സൃഷ്ടി. അണിയറപ്രവർത്തകർ പറഞ്ഞത് പോലെ, കുറച്ച് ഓവറാണ് ഇതിലെ കഥാപാത്രങ്ങൾ. ഇത് തന്നെയാണ് ചിത്രത്തിന്റെ രസം. യുവാക്കളെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ നടൻ ശ്രീജിത്ത് ബാബുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പൈങ്കിളിക്ക് കഴിയുമെന്നതിൽ സംശയമില്ല.
രോമാഞ്ചത്തിലും ആവേശത്തിലുമൊക്കെ കണ്ട ജിത്തു മാധവന്റെ കഥാപാത്രങ്ങളുടെ ആ എക്‌സെൻട്രിസിറ്റി പൈങ്കിളിയിലെ കഥാപാത്രങ്ങൾക്കും ഉണ്ട്. ഇത് നന്നായി ബാലൻസ് ചെയ്യുന്നതിൽ ജിത്തു മാധവനും ശ്രീജിത്ത് ബാബുവും വിജയിച്ചിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പടെ ചിത്രത്തിലെ അഭിനേതാക്കളെല്ലാം മികച്ച പ്രകടനം നൽകിയിട്ടുണ്ട്. സുകുവെന്ന കഥാപാത്രം സജിൻ ഗോപുവിന്റെ കൈയിൽ ഭദ്രമായിരുന്നു. സമീപകാല ചിത്രങ്ങളിലെ പോലെ തന്നെ അനശ്വര രാജനും നിരാശപ്പെടുത്തിയിട്ടില്ല. അനശ്വര എന്നാൽ മിനിമം ഗ്യാരണ്ടി എന്ന തലത്തിലേക്ക് എത്തിയെന്ന് തന്നെ പറയാം. ചന്തും സലീം കുമാർ, റോഷൻ ഷാനവാസ്, ജിസ്മ ജിജി, അബു സലീം, അമ്പിളി എന്നിവരുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. ആർട്ട് ഡയറക്ടറും ഛായാഗ്രാഹകനും ഉൾപ്പടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെല്ലാം പ്രത്യേക കൈയടി അർഹിക്കുന്നു.
English Summary: