ഇന്ത്യൻ സിനിമാ വ്യവസായത്തിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ‘പുഷ്പ 2 – ദി റൂൾ’ന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. സൂപ്പർസ്റ്റാർ അല്ലു അർജുൻ നായകനാവുന്ന ഈ ചിത്രത്തിലെ പുതിയ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത് പ്രശസ്ത തെലുങ്ക് നർത്തകി ശ്രീലീലയാണ്.
ചിത്രത്തിന്റെ ആദ്യഭാഗത്തിൽ ‘ഊ ആണ്ടവാ’ എന്ന ഗാനരംഗത്തിലൂടെ കാഴ്ചക്കാരെ അമ്പരപ്പിച്ച സാമന്തയുടെ പാത പിന്തുടരുകയാണ് ശ്രീലീല. നവംബർ 24-ന് വൈകുന്നേരം 7:02-ന് ഈ പുതിയ ഗാനം പ്രേക്ഷകർക്ക് മുന്നിലെത്തും. പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് സംഗീതം നൽകിയിരിക്കുന്ന ഈ ഗാനം മറ്റൊരു ബ്ലോക്ക്ബസ്റ്റർ ആയിരിക്കുമെന്നാണ് പ്രതീക്ഷ.
‘ഗുണ്ടൂർ കാരം’ സിനിമയിലെ ‘കുർച്ചി മടത്തപ്പെട്ടി’ എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ ശ്രീലീലയ്ക്ക് ഈ ഗാനരംഗത്തിനായി രണ്ട് മുതൽ മൂന്ന് കോടി രൂപ വരെ പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആദ്യഭാഗത്തിൽ സാമന്തയ്ക്ക് ഒന്നര കോടി രൂപയായിരുന്നു പ്രതിഫലം.
നേരത്തെ പുറത്തിറങ്ങിയ ട്രെയിലർ വൻ വിജയമായതോടെ ചിത്രത്തിന്റെ പ്രതീക്ഷകൾ ഇരട്ടിയായിരിക്കുകയാണ്. ദേശീയ പുരസ്കാര ജേതാവായ അല്ലു അർജുന്റെ മികച്ച പ്രകടനം ഉറപ്പുനൽകുന്ന വൈവിധ്യമാർന്ന രംഗങ്ങൾ ട്രെയിലറിൽ കാണാം. വ്യത്യസ്ത വേഷവിധാനങ്ങൾ, ആക്ഷൻ രംഗങ്ങൾ, നൃത്തചലനങ്ങൾ എന്നിവയിലൂടെ പൂർണമായ വിനോദവിരുന്നൊരുക്കുന്ന ചിത്രം ഡിസംബർ 5-ന് തിയറ്ററുകളിൽ എത്തും.
English Summary: