തെന്നിന്ത്യൻ സിനിമാലോകത്തെ പ്രമുഖ നടി നയൻതാര തന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവിനെക്കുറിച്ച് മനസ്സു തുറക്കുന്നു. നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങാനിരിക്കുന്ന ‘നയൻതാര: ബിയോണ്ട് ദി ഫെയറിടേൽ’ എന്ന ഡോക്യുമെന്ററിയിലൂടെയാണ് താരം തന്റെ പ്രണയകഥ പങ്കുവയ്ക്കുന്നത്.
2015-ൽ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള പ്രണയത്തിന്റെ തുടക്കം. പോണ്ടിച്ചേരിയിലെ തെരുവോരങ്ങളിൽ നടന്ന ചിത്രീകരണ വേളയിൽ, വിജയ് സേതുപതിയുമായി സംസാരിച്ചുനിന്ന വിഘ്നേഷിനെ കണ്ടപ്പോഴാണ് നയൻതാരയുടെ മനസ്സിൽ ആദ്യമായി പ്രണയം മൊട്ടിട്ടത്. സംവിധായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ കാര്യപ്രാപ്തിയും സമീപനവും താരത്തെ ആകർഷിച്ചു.
“വിക്കി എത്ര മനോഹരമായ വ്യക്തിത്വമാണെന്ന് ആദ്യമായി തോന്നിയത് അന്നാണ്,” എന്ന് നയൻതാര വെളിപ്പെടുത്തുന്നു. ചിത്രീകരണം പൂർത്തിയായതിനു ശേഷം, “സെറ്റിലെ നിമിഷങ്ങൾ മിസ് ചെയ്യുന്നു” എന്ന സന്ദേശവുമായി നയൻതാരയാണ് ആദ്യം മുന്നോട്ടു വന്നത്. ഈ സന്ദേശത്തിന് “അതേ, ഇവിടെയും അങ്ങനെതന്നെ മാഡം” എന്ന മറുപടിയായിരുന്നു വിഘ്നേഷിന്റേത്.
നയൻതാരയുടെ 40-ാം ജന്മദിനത്തിൽ, നവംബർ 18-ന് പുറത്തിറങ്ങുന്ന ഈ ഡോക്യുമെന്ററിയിൽ റാണ ദഗ്ഗുബട്ടി, തപ്സി പന്നു, നാഗാർജുന അക്കിനേനി തുടങ്ങിയ പ്രമുഖരും പങ്കെടുക്കുന്നുണ്ട്. സാധാരണക്കാരിയായ ഒരു പെൺകുട്ടിയിൽ നിന്ന് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാർ ആയി മാറിയ നയൻതാരയുടെ വിജയഗാഥയും ഡോക്യുമെന്ററിയിൽ അനാവരണം ചെയ്യുന്നുണ്ട്. താരത്തിന്റെ മുൻ പ്രണയബന്ധങ്ങളെക്കുറിച്ചും ഈ ചിത്രം വെളിച്ചം വീശുന്നു.
English Summary: