പേര് മാറ്റത്തിനു ഒരേയൊരു കാരണമേയുള്ളു, ‘റഹ്മാൻ എന്ന് നിർദേശിച്ചത് ജ്യോത്സ്യൻ’; ദിലീപ് റഹ്മാന്‍ ആയ കഥ

Why AR Rahman changed his name from Dilip Kumar

“മൊസാർട്ട് ഓഫ് മദ്രാസ്” എ ആർ റഹ്മാന്റെ ജീവിതകഥ ഇന്ത്യക്കാർക്ക് എന്നും താൽപ്പര്യമുള്ള വിഷയമാണ്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഒരു പാവം തമിഴ് പയ്യൻ തന്റെ കഴിവുകൊണ്ട് ലോക സംഗീതത്തിന്റെ നെറുകയിലേക്ക് ഉയർന്ന കഥ അമ്പരപ്പിക്കുന്നതാണ്. നസ്രീൻ മുന്നി കബീർ എഴുതിയ ‘റഹ്മാൻ: ദി സ്പിരിറ്റ് ഓഫ് മ്യൂസിക്‘ എന്ന പുസ്തകത്തിൽ എ.ആർ.റഹ്മാൻ പേരിനെക്കുറിച്ച്​ നടത്തുന്ന വെളിപ്പെടുത്തലുകൾ ഇപ്പോൾ വൈറലായിരിക്കുകയാണ്.

എ ആർ റഹ്മാന്റെ മാതാപിതാക്കളാണ് ദിലീപ് കുമാർ എന്ന് പേരിട്ടതെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം. ഈ ദിലീപ് കുമാർ പിന്നീട് എആർ റഹ്മാൻ ആയതെങ്ങനെയെന്ന് പുസ്തകം വിവരിക്കുന്നു. “ദിലീപ് എന്ന പേര് എനിക്ക് ഇഷ്ടമല്ല എന്നതാണ് സത്യം. ദിലീപ് കുമാറെന്ന മഹാനടനോട് ഒരു കുറ്റവും ഇല്ല! എന്നിരുന്നാലും, എന്റെ പേര് എന്റെ ഇമേജുമായി പൊരുത്തപ്പെടുന്നില്ല,” റഹ്മാൻ പറഞ്ഞു.

അനുജത്തിയുടെ വിവാഹം നിശ്ചയിച്ചപ്പോൾ അവളുടെ ജാതകവുമായി വീട്ടുകാർ ഒരു ജ്യോത്സ്യന്റെ അടുത്ത് ചെന്നു. അപ്പോൾ ഞാൻ അദ്ദേഹത്തോട് എന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടു. അബ്ദുൾ റഹ്മാൻ, അബ്ദുൾ റഹീം എന്നീ പേരുകൾ നിർദേശിച്ചത് അദ്ദേഹമാണ്. അതിലെ റഹ്മാൻ എന്ന പേര് എനിക്ക് ഇഷ്ടപ്പെട്ടു, ഞാൻ അത് തിരഞ്ഞെടുക്കുകയായിരുന്നു. അമ്മ കരീമ ബീഗമാണ് അല്ലാ രാഖ (എആർ) എന്ന പേര് തിരഞ്ഞെടുത്തത്.

എന്റെ അമ്മ ഹിന്ദുവായിരുന്നു. ഞങ്ങളുടെ വീടിന്റെ ചുമരുകളിൽ ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം മതങ്ങളുടെ ചിത്രങ്ങൾ ഇപ്പോഴും ഞാൻ ഓർക്കുന്നു. എന്റെ അച്ഛൻ (സംഗീത സംവിധായകൻ ആർ.കെ. ശേഖർ) ക്യാൻസർ ബാധിതനായിരുന്നപ്പോൾ, അദ്ദേഹത്തിന്റെ അവസാന നാളുകളിൽ അദ്ദേഹത്തെ ചികിത്സിച്ച ഒരു സൂഫിയുണ്ടായിരുന്നു. എന്റെ പിതാവ് മരിച്ച് ഏകദേശം 8 വർഷങ്ങൾക്ക് ശേഷം, ഞാനും എന്റെ കുടുംബവും ആ സൂഫിയെ വീണ്ടും കണ്ടുമുട്ടിയപ്പോൾ, എനിക്ക് ഇസ്ലാം സ്വീകരിക്കാനുള്ള ആഗ്രഹം തോന്നി. മതപരിവർത്തനത്തെക്കുറിച്ച് ഞങ്ങളോ ചുറ്റുമുള്ളവരോ അധികം ചർച്ച ചെയ്യുകയോ ചിന്തിക്കുകയോ ചെയ്തില്ല. മനസ്സ് നിറയെ സംഗീതം മാത്രമായിരുന്നു’.

English Summary: Why AR Rahman changed his name from Dilip Kumar?