ശിവനായി അക്ഷയ് കുമാർ; “ഓ മൈ ഗോഡ് 2” ന്റെ ടീസർ എത്തി

akshay kumar omg 2 teaser released

അക്ഷയ് കുമാറും പങ്കജ് ത്രിപാഠിയും ഒന്നിക്കുന്ന കോമഡി ചിത്രമായ ഓ മൈ ഗോഡ് 2 വിന്റെ ടീസർ എത്തി. 2012ൽ പുറത്തിറങ്ങിയ ഓ മൈ ഗോഡ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. യാമി ഗൗതം ആണ് നായികയായി എത്തുന്നത്. അമിത് റായ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. ഉമേഷ് ശുക്ലയാണ് ആദ്യഭാഗം ഒരുക്കിയത്.

അക്ഷയ് കുമാർ ചിത്രങ്ങൾ തിയേറ്ററുകളിൽ തുടർച്ചയായി പരാജയം നേരിടുന്നതിനാൽ OMG 2 നേരെ OTT ലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിച്ചു. ഓഗസ്റ്റ് 11 ആണ് റിലീസ് തീയതി. അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷേപഹാസ്യമാണ്. 2021 സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിച്ച ചിത്രമാണിത്.

യാമി ഗൗതം, പങ്കജ് ത്രിപാഠി എന്നിവരാണ് ചിത്രത്തിലെ മറ്റ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തിൽ നിന്ന് കാര്യമായ പ്രമേയ വ്യത്യാസത്തോടെയാണ് രണ്ടാം ഭാഗം എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. ആദ്യചിത്രം മതത്തെ കേന്ദ്രീകരിച്ചായിരുന്നുവെങ്കിൽ, രണ്ടാം ഭാഗം രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയെ കേന്ദ്രീകരിച്ചാണ്.

പരേഷ് റാവൽ നായകനായ ആദ്യ ഭാഗത്തിൽ ശ്രീകൃഷ്ണനായി അക്ഷയ് കുമാർ അഭിനയിച്ചപ്പോൾ രണ്ടാം ഭാഗത്തിൽ ശിവന്റെ വേഷമാണ് താരം അവതരിപ്പിക്കുന്നത്. താരത്തെ ശിവനായി അവതരിപ്പിക്കുന്ന പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റി.