കാവ്യയും മോളും താമസം ചെന്നൈയിലാണ്, മഹാലക്ഷ്മി ഇപ്പോൾ യുകെജിയിലാണ്: ദിലീപ് പറയുന്നു

dileep about his young daughter mahalakshmi

ഇളയ മകൾ മഹാലക്ഷ്മിയുടെ വിശേഷങ്ങൾ തുറന്ന് പറഞ്ഞ് നടൻ ദിലീപ്. മഹാലക്ഷ്മി യുകെജിക്ക് ചേർന്നെന്നും പഠിക്കുന്നത് ചെന്നൈയിൽ ആണെന്നും ദിലീപ് പറഞ്ഞു. ഏറ്റവും പുതിയ ചിത്രമായ ‘വോയ്‌സ് ഓഫ് സത്യനാഥന്റെ’ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെയാണ് ദിലീപ് തന്റെ മക്കളുടെ വിശേഷങ്ങൾ ഒരു യൂട്യൂബ് ചാനലിൽ തുറന്ന് പറഞ്ഞത്.

“മഹാലക്ഷ്മി ഭയങ്കര കാന്താരി ആണ്. രണ്ടു ദിവസം ഷൂട്ട് ഒക്കെ കഴിഞ്ഞ് ലേറ്റ് ആയിട്ടാണ് ഞാൻ ഉറങ്ങിയത്. അവൾ യുകെജിയിൽ ആണ് പഠിക്കുന്നത്. സ്കൂളിൽ പോകുന്നതിനു മുൻപേ വിളിച്ചിട്ടുണ്ടായിരുന്നു ഞാൻ ഫോൺ എടുത്തില്ല. ഉറങ്ങി എണീറ്റ് ഫോണിൽ നോക്കുമ്പോൾ ഒരു വോയ്‌സ് നോട്ട് അയച്ചേക്കുന്നു. “അച്ഛനെ ഞാൻ ഇന്നലെ വിളിച്ചു, അച്ഛനെ ഞാൻ ഇന്നും വിളിച്ചു, ഫോൺ എടുത്തില്ല, ഞാൻ പോവാ.” അത് കഴിഞ്ഞു കാവ്യയോട് പറഞ്ഞത്രേ “ഇനി അച്ഛൻ വിളിക്കും നമ്മൾ എടുക്കരുത്, അത്രേ നമുക്ക് ചെയ്യാൻ പറ്റുള്ളൂ.”

മഹാലക്ഷ്മി എന്ന പേര് അവൾക്ക് പറയാൻ അറിയാത്തതുകൊണ്ട്. അവൾ തന്നെയാണ് ആ പേരിട്ടത്. എന്തുപേര് വീട്ടിൽ വിളിക്കും എന്ന കൺഫ്യൂഷൻ നമ്മൾക്ക് ഉണ്ടായിരുന്നു. മോളുടെ പേരെന്താ എന്ന് ചോദിക്കുമ്പോൾ മഹാലക്ഷ്മി എന്ന് പറയണം എന്നൊക്കെ പഠിപ്പിച്ചുകൊടുത്തു. മഹാലക്ഷ്മി എന്ന പേര് അവൾ എല്ലാരോടും മാമാച്ചി എന്ന് പറഞ്ഞു പറഞ്ഞു എല്ലാരും പിന്നെ മാമാട്ടി എന്ന് വിളിക്കാൻ തുടങ്ങി. ഇപ്പോൾ എല്ലാവരും മാമാട്ടി എന്നാണ് വിളിക്കുന്നത്. മീനൂട്ടിയും മാമാട്ടിയും തമ്മിൽ നല്ല ബോണ്ടാണ്.

തെങ്കാശിപട്ടണം, പഞ്ചാബി ഹൗസ്, റിങ്മാസ്റ്റർ, പാണ്ടിപ്പട, ചൈനാ ടൗൺ തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം സംവിധായകരായ റാഫിയും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് വോയ്‌സ് ഓഫ് സത്യനാഥൻ. ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ എൻഎം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെപി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റാഫി തന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതിയത്.

വീണാ നന്ദകുമാറാണ് ചിത്രത്തിലെ നായിക. ജോജു ജോർജ്ജ്, രമേഷ് പിഷാരടി, ജഗപതി ബാബു തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്. ചിത്രം ജൂലൈ 14ന് തിയേറ്ററുകളിലെത്തും.