ഇളയരാജയുടെ സംഗീതം, ഏഴ് ഗാനങ്ങൾ; പുതിയ തമിഴ് ചിത്രവുമായി അൽഫോൺസ് പുത്രൻ

Alphonse Puthren announced his new Tamil movie named Gift which has Ilayaraja music

‘ഗോൾഡ്’ന് ശേഷം അൽഫോൺസ് പുത്രൻ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ഗിഫ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തമിഴിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, കളർ ഗ്രേഡിംഗ് എന്നിവയും അൽഫോൺസ് തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. നൃത്തസംവിധായകൻ സാൻഡിയാണ് നായകൻ. കോവൈ സരള, സമ്പത്ത് രാജ്, റേച്ചൽ റെബേക്ക, രാഹുൽ, ചാർളി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഗിഫ്റ്റിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

റോമിയോ പിക്‌ചേഴ്‌സ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് രാഹുലാണ്. ഇളയരാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഏഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ചിത്രത്തിൽ ഇളയരാജ ഒരു ഗാനം ആലപിക്കുന്നു.

പൃഥ്വിരാജും നയൻതാരയും ഒന്നിച്ച ‘ഗോൾഡ്’ ആയിരുന്നു അൽഫോൺസിന്റെ അവസാന ചിത്രം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് ചിത്രം നിർമിച്ചത്. ചിത്രം വേണ്ടത്ര വിജയിക്കാത്തതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ അൽഫോൺസിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇതിന് ശേഷം സോഷ്യൽ മീഡിയയിൽ നിന്ന് ഏറെ നാളത്തേക്ക് ഇടവേള എടുത്തിരുന്നു.

English Summary: Alphonse Puthren announced his new Tamil movie named Gift which has Ilayaraja music.