പ്രഭാസിനൊപ്പം ‘പ്രോജക്ട് കെ’യിൽ കമൽഹാസൻ; ഒഫീഷ്യൽ സ്ഥിരീകരണം.

Kamal Haasan in Project K

പ്രഭാസ് നായകനാകുന്ന ചിത്രമാണ് പ്രൊജക്ട് കെ. വലിയ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിൽ തെന്നിന്ത്യയിൽ നിന്ന് ഒരു സൂപ്പർതാരം ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ നിർമ്മാതാക്കളായ വൈജയന്തി മൂവീസ് ആ സസ്പെൻസ് പൊളിച്ചിരിക്കുകയാണ്.

ഉലകനായകൻ കമൽഹാസൻ പ്രൊജക്ട് കെയുടെ ഭാഗമാകുമെന്ന് വൈജയന്തി മൂവീസ് അറിയിച്ചു. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ വില്ലനായി കമൽ എത്തുമെന്ന് നേരത്തെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. എന്നാൽ കമൽ ഹാസൻ ചിത്രത്തിലുണ്ടാവുമെന്ന് അറിയിച്ചതല്ലാതെ അദ്ദേഹത്തിന്റെ കഥാപാത്രത്തേക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. കമൽ ഹാസനെ തങ്ങളുടെ സിനിമയിലേക്ക് സ്വാഗതം ചെയ്യുന്ന വീഡിയോയും അവർ പുറത്തുവിട്ടിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ താരങ്ങളെ ഒന്നിപ്പിക്കുന്നു എന്ന് വീഡിയോയിൽ പറയുന്നു. അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, ദിഷ പടാനി എന്നിവർ നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പ്രൊജക്ട് കെയിലെ മറ്റു താരങ്ങൾ. സിനിമയുടെ ചിത്രീകരണത്തിനിടെ അമിതാഭ ബച്ചന് പരിക്കേറ്റത് വാർത്തയായിരുന്നു.

ദീപിക പദുകോൻ അഭിനയിക്കുന്ന ആദ്യ തെലുങ്ക് ചിത്രമാണിത്. 2020 ഫെബ്രുവരിയിലാണ് ചിത്രം പ്രഖ്യാപിച്ചത്. ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ പ്രഭാസ് ചിത്രം ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും. വൈജയന്തി മൂവീസ് നിർമ്മിക്കുന്ന 50-ാമത്തെ ചിത്രമായ പ്രൊജക്ട് കെ 2024 ജനുവരി 12-ന് റിലീസ് ചെയ്യും.

Content Highlights: Kamal Haasan in Project K