Neru Review: മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രങ്ങൾ പ്രേക്ഷകർക്ക് പ്രതീക്ഷയാണ്. ഇമോഷണൽ കോർട്ട്റൂം ഡ്രാമയിലൂടെ സൂപ്പർഹിറ്റ് ജോഡി ഇത്തവണയും ആ പ്രതീക്ഷയെ തകർത്തില്ല. ഒറ്റ വാചകത്തിൽ പറഞ്ഞാൽ കെട്ടുറപ്പുള്ള തിരക്കഥയിലൂടെ പ്രേക്ഷക മനസ്സിനെ തൊട്ടുണർത്തുന്ന സിനിമ എന്ന് ‘നേരി’നെ വിശേഷിപ്പിക്കാം.
ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നതും തുടർന്നുള്ള പോലീസ് അന്വേഷണവുമാണ് സിനിമയുടെ തുടക്കം. പ്രതി ഒരു പ്രമുഖ വ്യവസായിയുടെ മകനായതിനാൽ കേസിൽ നിയമവിരുദ്ധമായ ഇടപെടലുണ്ടാക്കുകയാണ്. അഭിഭാഷകർക്ക് പണം നൽകിയും സാക്ഷികളെ സ്വാധീനിച്ചും കേസ് ദുർബലപ്പെടുത്താനാണ് എതിർഭാഗം ശ്രമിക്കുന്നത്. ഇതിന് പിന്നാലെയാണ് കേസിൽ മോഹൻലാൽ അവതരിപ്പിച്ച സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിജയ മോഹന്റെ രംഗപ്രവേശം. അപ്രതീക്ഷിതമായും വലിയ താൽപ്പര്യമില്ലാതെയും കേസിന്റെ ഭാഗമാകുന്ന വിജയ മോഹൻ പെൺകുട്ടിക്ക് നീതി നേടിക്കൊടുക്കാൻ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
റിലീസിന് മുമ്പ് അണിയറപ്രവർത്തകർ ആവർത്തിച്ചതുപോലെ ‘നേര്’ ഒരു എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലർ അല്ല. സാവധാനം കഥ പറഞ്ഞ് കോടതിയിലെ വാദപ്രതിവാദങ്ങളിലൂടെ മുന്നേറുന്ന ചിത്രമാണിത്. പ്രതിയെ ആദ്യംതന്നെ വെളിപ്പെടുത്തുന്നതുകൊണ്ട്, കുറ്റകൃത്യം എങ്ങനെ തെളിയിക്കപ്പെടും എന്ന ആകാംക്ഷയോടെയാണ് ചിത്രം പുരോഗമിക്കുന്നത്. സാമൂഹിക തലങ്ങളിലൂടെയും സഞ്ചരിക്കുന്ന ചിത്രത്തിന്റെ പ്രധാന ആകർഷണം സംവിധായകൻ ജീത്തു ജോസഫും അഭിഭാഷകയും നടിയുമായ ശാന്തി മായാദേവിയും ചേർന്ന് ഒരുക്കിയ തിരക്കഥയാണ്. ശാന്തി മായാദേവിയാണ് ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നത്.
അഭിഭാഷകരെ ഉപദേശിക്കുന്ന, എന്നാൽ വർഷങ്ങളായി കോടതിയിൽ ഹാജരാകാത്ത മുതിർന്ന അഭിഭാഷകന്റെ കഥാപാത്രത്തെ മോഹൻലാൽ അനായാസമായി സ്ക്രീനിലെത്തിച്ചു. ചില സമയങ്ങളിൽ നിസ്സഹായനും സ്വന്തം പോരായ്മകൾ തിരിച്ചറിയുന്നതുമായ കഥാപാത്രം മോഹൻലാലിന്റെ ക്ലാസ് പ്രകടനത്തിലൂടെ കെെെയടി നേടുന്നുണ്ട്.
പ്രതിഭാഗത്തിന്റെ അഭിഭാഷകനായ രാജശേഖറായി സിദ്ദിഖും മകളുടെ വേഷത്തിൽ പ്രിയാമണിയും അഭിനയിക്കുന്നു. നെഗറ്റീവ് അടിവരയിട്ട കഥാപാത്രങ്ങൾ സിദ്ദിഖിനൊപ്പം ഭദ്രമായിരുന്നു. അഭിഭാഷകയായി എത്തുന്ന പ്രിയാമണി തന്റെ കഥാപാത്രത്തെയും മനോഹരമാക്കിയിട്ടുണ്ട്. തന്റെ കരിയറിനെ വെല്ലുവിളിക്കുന്ന സാറ എന്ന കഥാപാത്രത്തെ അനശ്വര രാജൻ മികച്ചതാക്കി. കഥാപാത്രം കടന്നുപോകുന്ന മാനസിക സംഘർഷങ്ങൾ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ നടിക്ക് സാധിച്ചു. സമീപകാലങ്ങളായി തുടരുന്ന മികച്ച പ്രകടനം ജഗദീഷിന് ഈ ചിത്രത്തിലും ആവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഗണേഷ് കുമാർ, നന്ദു, മാത്യു വർഗീസ്, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, കലേഷ്, കലാഭവൻ ജിന്റോ, രമാദേവി, രശ്മി അനിൽ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാം സംഗീതം നൽകിയിരിക്കുന്നു. വിഷ്ണു ശ്യാമിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് നന്നായി ചേരുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്.
കൃത്യമായ ഒരു രാഷ്ട്രീയ പ്രസ്താവന നടത്താനാണ് സിനിമ ഉദ്ദേശിക്കുന്നത്. കഥ കോടതിയുടെ ചുവരുകളിൽ ഒതുങ്ങുമ്പോഴും ഞെരുക്കമില്ലാതെ കഥ അവതരിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചു എന്നു തന്നെ പറയാം. ആരാധകരെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്താനും മോഹൻലാലിന് കഴിഞ്ഞു. സംവിധായകൻ നേരത്തെ പറഞ്ഞതുപോലെ ട്വിസ്റ്റുകളോ സർപ്രൈസുകളോ പ്രതീക്ഷിക്കാതെ ഒരു കോടതിമുറി നാടകമായി ചിത്രത്തെ സമീപിക്കാം.
Content Highlights: Neru Review Malayalam, Mohanlal, Jeethu Joseph