കളംനിറഞ്ഞ് സുൽത്താനും പോരാളിയും | Salaar Movie Review in Malayalam

salaar movie review in malayalam

Salaar Movie Review in Malayalam: KGF-ലൂടെ ഇന്ത്യയൊട്ടാകെ വലിയ ആരാധകരെ നേടിയ സംവിധായകൻ പ്രശാന്ത് നീൽ ‘റെബൽ സ്റ്റാർ’ പ്രഭാസുമായി ഒന്നിക്കുന്നു എന്നറിഞ്ഞപ്പോൾ മുതൽ ‘സലാറി’നുവേണ്ടി കാത്തിരിക്കുകയായിരുന്നു സിനിമാപ്രേമികൾ. ചിത്രത്തിലെ പൃഥ്വിരാജിന്റെ സാന്നിധ്യം മലയാളികളെയും ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. ആരാധകരുടെ നീണ്ട കാത്തിരിപ്പ് വെറുതെയായില്ലെന്ന് തെളിയിക്കുകയാണ് സാലർ (Salaar).

പ്രശാന്ത് നീലിന്റെ സലാറിനെ ഒരു സ്റ്റൈലിഷ് ആക്ഷൻ ഡ്രാമ എന്ന് വിശേഷിപ്പിക്കാം. രണ്ട് ഭാഗങ്ങളായി വരുന്ന സലാറിന്റെ ആദ്യ ഭാഗമായ സലാർ ഭാഗം 1 – സീഫയർ ഇപ്പോൾ പുറത്തിറങ്ങി. മുൻ ചിത്രങ്ങളെപ്പോലെ തന്നെ ഇത്തവണയും ആക്ഷൻ രംഗങ്ങൾക്കും സംവിധായകൻ പ്രാധാന്യം നൽകിയിട്ടുണ്ട്.

ഒറ്റവാക്കിൽ പറഞ്ഞാൽ, ആത്മസുഹൃത്തുക്കളായ രണ്ടുപേർ ശത്രുക്കളായ കഥയെന്ന് സലാറിനെ വിശേഷിപ്പിക്കാം. എങ്കിലും അതിനെ വെല്ലുന്ന ഒരു ആഖ്യാനം സിനിമയ്ക്കുണ്ട്. വർധരാജ് മാന്നാറായി പൃഥ്വിരാജും ദേവ എന്ന സാലറായി പ്രഭാസും അഭിനയിക്കുന്നു. മാന്നാറിലെ സുൽത്താൻ വർധരാജിന്റെ അപ്രഖ്യാപിത പോരാളിയാണ് ദേവ.

രാജ്യത്തിന്റെ നിയമവ്യവസ്ഥയിൽ നിന്ന് സ്വതന്ത്രമായി സ്വന്തം നിയമങ്ങളും നിയന്ത്രണങ്ങളും ഭരിക്കുന്ന ഖാൻസർ എന്ന പ്രദേശത്തെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ നടക്കുന്നത്. നൂറോളം നാട്ടുരാജ്യങ്ങൾ ചേർന്ന ഖാൻസാറിന്റെ ഭരണാധികാരിയാകാൻ സിംഹാസനം ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്. പരസ്പരം ജീവൻ നല്കാൻ പോലും തയ്യാറാകുന്ന രണ്ട് ആത്മ സുഹൃത്തുക്കൾ അധികാരം നേടാൻ പടവെട്ടുന്നവരുടെ ഇടയിലകപ്പെട്ട് പോവുകയാണ്. ആക്ഷന്റെയും ത്രില്ലറിന്റെയും പശ്ചാത്തലത്തിൽ തുടർന്നുള്ള സംഭവവികാസങ്ങളാണ് പ്രശാന്ത് നീൽ അവതരിപ്പിച്ചിരിക്കുന്നത്.

സുഹൃത്തിനോട് യാത്ര പറഞ്ഞ് ഖാൻസാറിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് പോയ ദേവ എങ്ങനെ അവിടെ തിരിച്ചെത്തും എന്ന ആകാംക്ഷയോടെയാണ് ചിത്രം പുരോഗമിക്കുന്നത്. ശ്രുതി ഹാസനാണ് ഈ ചിത്രത്തിലെ നായിക. ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി എന്നിവരും ചിത്രത്തിലുണ്ട്. ശക്തമായ തിരക്കഥയാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം.

വ്യത്യസ്ത കാലഘട്ടങ്ങളിൽ നടക്കുന്ന കഥകളാണ് ചിത്രം പറയുന്നത്. ആദ്യ രംഗം മുതൽ തന്നെ വർദ്ധരാജ മാന്നാറിന്റെയും ദേവയുടെ സൗഹൃദത്തിന്റെയും ആഴം സംവിധായകൻ പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. വ്യത്യസ്ത കാലഘട്ടങ്ങളിൽ നടക്കുന്ന കഥകളാണ് ചിത്രം പറഞ്ഞുപോകുന്നത്. കെജിഎഫിലെന്നപോലെ അമ്മ-മകൻ ബന്ധവും സിനിമയിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ആദ്യ ഭാഗത്തിൽ, ഖാൻസാറിന്റെ ലോകത്തെയും അതിലെ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നതിലും അവരുടെ ശക്തിയും ദൗർബല്യങ്ങളും ചൂണ്ടിക്കാണിക്കുന്നതിലും സംവിധായകൻ ഊന്നൽ നൽകിയിട്ടുണ്ട്. ആക്ഷൻ രംഗങ്ങളും ത്രില്ലിംഗ് മുഹൂർത്തങ്ങളുമുണ്ടെങ്കിലും പ്രേക്ഷകനെ വൈകാരികമായി സ്പർശിക്കുന്ന തരത്തിൽ ചിത്രമൊരുക്കാൻ പ്രശാന്ത് നീൽ ശ്രമിച്ചിട്ടുണ്ട്.

താരനിബിഡമായ ഈ ചിത്രത്തിൽ പ്രഭാസും (Prabhas) പൃഥ്വിരാജും (Prithviraj) ഒരുപോലെ മികവുപുലർത്തി. പ്രഭാസിന്റെ ആക്ഷൻ രംഗങ്ങളും മാനറിസങ്ങളും ആരാധകരെ സന്തോഷിപ്പിക്കും. ഒരു പാൻ-ഇന്ത്യ സിനിമയിൽ പൃഥ്വിരാജിന് ലഭിച്ച വരവേൽപ്പ് ​ഗംഭീരമാണ്. ആക്ഷൻ സീക്വൻസുകളിലും സെന്റിമെന്റ് രംഗങ്ങളിലും മികവ് പുലർത്താൻ താരത്തിന് കഴിഞ്ഞു. ചിത്രത്തിനായി ഒരുക്കിയ അതിമനോഹരമായ ഔട്ട്‌ഡോർ സെറ്റുകൾ പ്രേക്ഷകരെ അമ്പരപ്പിക്കുന്നതാണ്.

രവി ബസ്രുർ ആണ് സം​ഗീതം ഒരുക്കിയിരിക്കുന്നത്. ആക്ഷൻസ് – അൻബറിവ്, ഛായാഗ്രഹണം – ഭുവൻ ഗൗഡ. വിജയ് കിരഗണ്ടൂർ ആണ് ഹോംബാലെ ഫിലിംസിന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് സലാർ കേരളത്തിലെ തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിൽ യുദ്ധക്കൊടി ഉയർത്തിയ പ്രശാന്ത് നീൽ രണ്ടാം ഭാഗത്തിൽ ഇതിഹാസ പോരാട്ടമൊരുക്കുമെന്ന് പ്രതീക്ഷിക്കാം. രണ്ടാം ഭാഗത്തിനായി പ്രേക്ഷകരെ കാത്തിരിക്കാൻ പ്രേരിപ്പിച്ചാണ് സംവിധായകൻ ആദ്യ ഭാഗം അവസാനിപ്പിച്ചത്. പ്രഭാസിന്റെയും പൃഥ്വിരാജിന്റെയും ആരാധകർക്ക് പ്രശാന്ത് നീലിന്റെ ‘സലാർ’ ആഘോഷിക്കാം.

Content Highlights: Salaar Movie Review in Malayalam