വൈറലായി ജയിലറിലെ ആദ്യ ഗാനം; തമന്നയുടെ സൂപ്പര്‍ ഡാന്‍സുമായി ‘കാവാല’ എത്തി

Jailer Movie Kaavaalaa lyrical video released

സ്‌റ്റൈൽ മന്നൻ സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’ എന്ന ചിത്രത്തിലെ ആദ്യ ട്രാക്ക് പുറത്തിറങ്ങി. തമന്നയുടെ ഐറ്റം ഡാൻസിനൊപ്പമുള്ള കവല എന്ന ഗാനം സൺ ടിവിയുടെ യൂട്യൂബ് അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്. അനിരുദ്ധ് രവിചന്ദർ ഒരുക്കിയ സംഗീതത്തിൽ തമന്നയുടെ സൂപ്പർ ഡാൻസ് ഉൾപ്പെടുത്തിയിട്ടുണ്ട്. പുറത്തിറങ്ങി മിനിറ്റുകൾക്കകം ഗാനം ഹിറ്റായി.

തെന്നിന്ത്യൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്. “മുത്തുവേൽ പാണ്ഡ്യൻ” എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത് നെൽസൺ ദിലീപ് കുമാറാണ്. തിരക്കഥയിൽ അനിയന്ത്രിതമായ മാറ്റങ്ങൾ വരുത്താൻ രജനികാന്ത് നെൽസനെ അനുവദിച്ചതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. സൺ പിക്‌ചേഴ്‌സ് ആണ് നിർമ്മാണം. കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്. രജനികാന്തും നെൽസണും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ജയിലർ.

സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ. വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രഹണം. മോഹൻലാൽ, ശിവരാജ് കുമാർ, സുനിൽ, ജാക്കി ഷ്റോഫ്, രമ്യ കൃഷ്ണൻ, വിനായകൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ജയിലറിൽ തമന്നയാണ് നായിക. രജനികാന്തിനൊപ്പം മോഹൻലാൽ ആദ്യമായി സ്‌ക്രീൻ പങ്കിടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ശ്രീ ഗോകുലം മൂവീസിന് കീഴിൽ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. വിജയ് നായകനായ ലിയോയും ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് തിയേറ്ററുകളിലെത്തിക്കുന്നത്. രജനിയുടെ 169-ാമത്തെ ചിത്രം കൂടിയാണ് ജയിലർ. വിജയ് നായകനായ “ദി ബീസ്റ്റ്” എന്ന ചിത്രത്തിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് “ദി ജയിലർ”. ചിത്രം ഓഗസ്റ്റ് 10ന് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary: Jailer Movie Kaavaalaa lyrical video released