വാഹനാപകടത്തിൽ നടൻ സൂരജ് കുമാറിന് ഗുരുതര പരിക്ക്; വലത് കാൽ മുറിച്ചുമാറ്റി

kannada actor suraj kumar leg amputated after major road accident

കന്നഡ നടൻ സൂരജ് കുമാറിന് ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും കാൽ മുറിച്ചു മാറ്റുകയും ചെയ്തു. മൈസൂർ-ഗുണ്ട്‌ലൂപ്പർ ഹൈവേയിൽ ബേഗൂരിനടുത്ത് ശനിയാഴ്ചയായിരുന്നു അപകടം. മൈസൂരിലെ മണിപ്പാൽ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് പിന്നാലെ താരത്തിന്റെ വലതു കാൽ മുറിച്ചുമാറ്റിയതായി റിപ്പോർട്ടുകൾ പറയുന്നു.

ധ്രുവൻ എന്നറിയപ്പെടുന്ന താരമാണ് സൂരജ്. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. മൈസൂരിൽ നിന്ന് ഊട്ടിയിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു സൂരജ്. ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ മോട്ടോർ സൈക്കിൾ നിയന്ത്രണം വിട്ട് ടിപ്പറിൽ ഇടിക്കുകയായിരുന്നു.

സാരമായി പരിക്കേറ്റ നടന്റെ കാൽമുട്ടിന് താഴെ വച്ച് മുറിച്ചുമാറ്റി. കന്നഡ സൂപ്പർസ്റ്റാർ ശിവരാജ് കുമാറിന്റെ അമ്മ പാർവതമ്മയുടെ മരുമകനാണ് സൂരജ്. ശിവരാജ് കുമാറും ഭാര്യയും അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചു. കന്നഡ സിനിമ നിർമ്മാതാവ് എസ്.എ ശ്രീനിവാസ് ആണ് സൂരജിന്റെ അച്ഛൻ. അനൂപ് ആന്റണി സംവിധാനം ചെയ്ത ‘ഭഗവാൻ ശ്രീകൃഷ്ണ പരമാത്മാ’ എന്ന സിനിമയിൽ സൂരജ് അഭിനയിച്ചെങ്കിലും ചിത്രത്തിന്റെ ലോഞ്ച്  മാറ്റിവെക്കുകയായിരുന്നു.