മമ്മുക്കയുടെ കൈയിൽ നിന്ന് അവാർഡും അനുഗ്രഹവും, ഇനി എന്നെ പിടിച്ചാ കിട്ടൂല്ലാ: ടൊവിനോ

tovino thomas receives award from mammootty anand film awards

2021ലെ മികച്ച നടനുള്ള അവാർഡ് മമ്മൂട്ടിയിൽ നിന്ന് ലഭിച്ചതിൽ ടൊവിനോ തോമസ് സന്തോഷം പ്രകടിപ്പിച്ചു. മമ്മൂട്ടിയിൽ നിന്ന് അവാർഡും അനുഗ്രഹവും നല്ല വാക്കുകളും ലഭിച്ചതിൽ ടൊവിനോ ആശ്ചര്യവും സന്തോഷവും പ്രകടിപ്പിച്ചു. “മമ്മൂക്കയിൽ നിന്ന് ഒരു അവാർഡും അനുഗ്രഹവും നല്ല വാക്കുകളും സ്വീകരിക്കുന്നതിന്റെ അവിശ്വസനീയമായ നിമിഷം. ഒപ്പം നിന്ന് അദ്ദേഹം എന്നെക്കുറിച്ച് സന്തോഷകരമായ കാര്യങ്ങൾ പറയുന്നത് കേൾക്കുന്നത് ശരിക്കും അതിശയിപ്പിക്കുന്നതായിരുന്നു. ജീവിതത്തിൽ ഇനി അങ്ങോട്ട് ഇത് അഭിമാനത്തോടെ മുന്നോട്ട് കൊണ്ടുപോകും. മമ്മുക്കയുടെ കയ്യിന്നാണ് അവാർഡും അനുഗ്രഹവും കിട്ടിയേക്കുന്നെ , ഇനി എന്നെ പിടിച്ചാ കിട്ടൂല്ല.” – ടൊവിനോ കുറിച്ചു.

മമ്മൂട്ടിയാണ് ടൊവിനോയ്ക്കുള്ള അവാർഡ് പ്രഖ്യാപിച്ചത്. ടൊവിനോയ്ക്ക് മികച്ചൊരു ആമുഖം നൽകി. “ഈ അവാർഡ്, ഭാര്യയും ഭര്‍ത്താവുമായി വന്നുചേർന്ന ഒരാൾക്കുള്ളതാണ്. നമ്മൾ ഏറ്റവും അടുത്ത കണ്ട സിനിമയിലെ പ്രാണത്യാഗം നടത്തിയ ഹീറോയ്ക്കുള്ളതാണ് ഈ അവാർഡ്. ആ സിനിമയിൽ അദ്ദേഹത്തിന്റെ കഥാപാത്രം മരിക്കുമ്പോൾ നമ്മുടെ നെഞ്ചിൽ ഒരു ലേശം നീറ്റല്‍ വന്നിരുന്നു. നമ്മുടെ മലയാളത്തിലെ ആദ്യ സൂപ്പർഹീറോ വേഷം അവതരിപ്പിച്ച ആളാണ്. ഇനി ഞാനെന്തിനാണ് േപര് പറയുന്നത്. ടൊവിനോ തോമസ്.” – മമ്മൂട്ടിയുടെ വാക്കുകൾ.

“ഞാൻ മമ്മൂക്കയുടെ ഭയങ്കര ആരാധകനാണ്. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇന്ന് ഈ സ്റ്റേജിൽ വന്ന് അദ്ദേഹത്തിന് വെറുതെ ആ പേര് മാത്രം വായിച്ച് ഒരു ഫോർമാലിറ്റി പോലെ ചെയ്യാവുന്ന കാര്യം. മമ്മൂക്ക എന്നെക്കുറിച്ച് പറഞ്ഞ ഈ നല്ല വാക്കുകൾ ആരെങ്കിലുമൊക്കെ സിഡിയിലാക്കി തന്നാൽ വീട്ടിൽകൊണ്ടുപോയി ഇടയ്ക്കിടയ്ക്ക് കാണാമായിരുന്നു. ഞാൻ അദ്ദേഹത്തേക്കാൾ വളരെ ജൂനിയർ ആയിട്ടുള്ള ആളാണ്. ഇപ്പോഴായാലും എപ്പോഴായാലും.” – ടൊവിനോ പറഞ്ഞു.